3.കരോളിന്‍ ലുക്റേഷ്യ ഹെര്‍ഷല്‍ - വാനശാസ്ത്രജ്ഞ ( 16 മാര്‍ച് 1750 – 9 ജനുവരി 1848)

പ്രസിദ്ധരായ  സഹപ്രവര്‍ത്തകരുടെ  കൂടെ  പ്രവര്‍ത്തിക്കുമ്പൊഴോ,അതിപ്രശസ്തനായ ഭര്‍ത്താവിന്‍റെയൊ  സഹോദരന്‍റെയോ സഹായി ആയോ   വര്‍ത്തിക്കുമ്പോഴൊ     അര്‍ഹമായ അംഗീകാരം കിട്ടാതെ പോയ  ചില വനിതകളെപ്പറ്റി അടുത്തു  വായിച്ചു. അവരില്‍ ചിലരെ    പരിചയപ്പെടുത്തുന്നു. അത്തരം    ഒരാളാണ് കരോളിന്‍ ലുക്റേഷ്യ ഹെര്‍ഷല്‍ എന്ന  ജ്യോതി ശാസ്ത്രജ്ഞ.

 

ജര്‍മ്മനിയില്‍  ജീവിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞ,  അനവധി കോമെറ്റുകള്‍ കണ്ടുപിടിച്ചയാള്‍,  സഹോദരന്‍ വില്യം ഹെര്‍ഷലുമായി വളരെയധികം നെബുലകളെപ്പറ്റി  വിശദമായി  പഠിച്ച് ജ്യോതിര്‍മാപ്പുണ്ടാക്കിയ ആള്‍,  ജീവിതകാലം മുഴുവന്‍ ജ്യേഷ്ടന്‍റെ സഹായിയായി   പ്രവര്‍ത്തിച്ചതു  കൊണ്ട്  മാത്രം തനിക്കര്‍ഹമായ  അംഗീകാരം കിട്ടാതെ പോയ ആള്‍  എന്നിവയൊക്കെ  ആയിരുന്നു കരോളിന്‍.

 


റോയല്‍ അസ്ട്രോണമിക്  സൊസൈറ്റിയുടെ ആദ്യത്തെ   സുവര്‍ണ മെഡല്‍ ജേതാവ് (1828) ആ സൊസൈറ്റിയുടെ  ഹോണററി അംഗമായി 1835 ല്‍ അവരോധിക്കപ്പെട്ടവര്‍, 1838ല്‍ ഐറിഷ് റോയല്‍ അക്കാഡമിയുടെ ഹോണററി അംഗം, 1846ല്‍ തന്‍റെ   96 ആമത്തെ ജന്മദിനത്തില്‍ പ്റ്ഷ്യന്‍ രാജാവില്‍ നിന്നു  സുവര്‍ണ മെഡല്‍  വാങ്ങിയ ആള്‍ എന്നിങ്ങനെ പോകുന്നു  അവരുടെ  അംഗീകാരങ്ങള്‍. ഒരു നിശ്ചിത  കാലയളവില്‍ ഭൂമിയുടെ അടുത്ത്  എത്തുന്ന 35പി-ഹെര്‍ഷല്‍ റിഗൊലെ  എന്ന കോമെറ്റ്    ഇവരുടെ  പേരിലാണു  അറിയപ്പെടുന്നത് .

 

ദു:ഖകരമായ  ബാല്യകാലം

 

കരോളിന്‍ 1750 മാര്‍ച്ചുമാസം 16 നു ജര്‍മ്മനിയിലെ  ഹാനോവറില്‍ തന്‍റെ മാതാപിതാക്കളുടെ എട്ടാമത്തെ  കുട്ടിയായി, നാലാമത്തെ  മകളായി ജനിച്ചു. ഐസക് ഹെര്‍ഷല്‍ എന്ന പിതാവ് ഒരു ഓബോ  എന്ന  സംഗീത ഉപകരണം  സ്വയം പഠിച്ചയാളായിരുന്നു. അമ്മ ഹാനൊവറിലെ  ഒരു പട്ടാള ബാന്‍ഡുവായന  സംഘത്തില്‍  ചേറ്ന്നു.  പട്ടാളത്തോടൊപ്പം  പലപ്പോഴും അവര്‍  വീട്ടില്‍ നിന്നും ദൂരെ  ആയിരുന്നു. ഒരു യുദ്ധകാലത്ത് പട്ടാളക്കാരുടെ  കൂടെ ആയിരുന്ന അവര്‍  രോഗാതുരയായി, പിന്നൊരിക്കലും അവര്‍ക്ക്  പൂര്‍ണ ആരോഗ്യം  തിരിച്ചു കിട്ടിയില്ല. കരോളിന്‍റെ  മൂത്ത സഹോദരി  അവരെക്കാള്‍  15  വയസ്സു കൂടുതല്‍ ഉള്ളവരായിരുന്നു. അവര്‍ വിവാഹിതയായപ്പോള്‍  വെറും  അഞ്ചു വയസ്സു മാത്രം ഉണ്ടായിരുന്ന കരോളിനു  വീട്ടിലെ ജോലി മുഴുവന്‍ ഏറ്റെടുത്തു  നടത്തേണ്ടി  വന്നു. ഇതു കൊണ്ട്  കാര്യമായ  വിദ്യാഭ്യാസമൊന്നും  ഇവര്‍  പെണ്കുട്ടികള്‍ക്ക്    കിട്ടിയിരുന്നില്ല. മറ്റു രണ്ട  സഹോദരിമാര്‍  ചെറുപ്പത്തില്‍ തന്നെ  മരണപ്പെടുകയും ചെയ്തു. കഷ്ടിച്ചു വായിക്കാനും  എഴുതാനും മാത്രം അച്ഛനില്‍  നിന്നു  പഠിച്ചു എന്നു മാത്രം. വീട്ടുജോലിക്കിടക്കു  മറ്റു ആണ്കുട്ടികളെപ്പൊലെ  അച്ഛന്‍റെ അടുത്തിരുന്നു  പഠിക്കാന്‍  അവര്‍ക്കു കഴിഞ്ഞില്ല.

 



പത്താമത്തെ  വയസ്സില്‍ പിടിപെട്ട ടൈഫൊയ്ഡ്  രോഗം മൂലം കരോളിന്‍റെ  വളര്‍ച്ച  മുരടിച്ചു. നാലടി മൂന്നിഞ്ചില്‍ കൂടതല്‍  അവര്‍ക്കു ഉയരം ഉണ്ടായില്ല. ഇടത്തു കണ്ണില്‍ കാഴ്ചക്കും തകരാറുണ്ടായി.  ഇക്കാരണങ്ങളാല്‍ കരോളിന്‍ ഒരിക്കലും വിവാഹിതയാവാന്‍ സാദ്ധ്യതയില്ലെന്നു  മാതാപിതാക്കള്‍ കരുതി  അവളെ ഒരു വീട്ടമ്മയാക്കാന്‍ തന്നെ തീരുമാനിച്ചു. അമ്മയില്ലാതിരുന്ന അവസരങ്ങളില്‍  തന്‍റെ  പിതാവു   സഹോദരങ്ങളെ വയലിന്‍ പഠിക്കാനും മറ്റും സഹായം കൊടുത്തുവന്നു.  അയലത്തെ  ഒരു സ്ത്രീയുടെ അടുത്തു പോയി  അവര്‍  അല്‍പ്പം തുന്നല്‍  പഠിച്ചു വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു.  ചുരുക്കത്തില്‍  ഒരു വീടു നോക്കാന്‍  കഷ്ടിച്ചു  വേണ്ട  അറിവു മാത്രമെ അവള്‍ക്ക് കിട്ടിയുള്ളൂ. കൂടുതല്‍  പഠിക്കാന്‍  താല്‍പര്യം ഉണ്ടായിരുന്നിട്ടും അതിനു  സാഹചര്യം  അനുവദിച്ചില്ല.

 


അവരുടെ അച്ഛന്‍റെ  മരണശേഷം  കരോളിന്‍റെ  സഹോദരന്മാരായ വില്യമും അലെക്സാണ്ഡറും   ഹാനൊവറില്‍ നിന്നു ഇങ്ലണ്ടിലെ  ബാഥ് എന്ന സ്ഥലത്തേക്കു സംഗീതം കൊണ്ടു  ജീവിതം  കഴിക്കാനാവുമോ എന്നു  പരീക്ഷിക്കാന്‍ താമസം  മാറ്റി. അങ്ങനെ 1772 ആഫസ്റ്റ് 16 നു കരോളിന്‍ ജ്യെഷ്ടന്മാരൊടൊപ്പം   ഇങ്ലണ്ടിലെത്തി. ഈ യാത്രക്കിടയില്‍  ജ്യെഷ്ടന്മാരില്‍ നിന്നു   ജ്യോതിശാസ്ത്രത്തിന്‍റെ  ബാലപാഠങ്ങള്‍  പഠിച്ചു. ഗാലക്സികളെപറ്റിയും അവയെ  കാണാന്‍പയോഗിക്കുന്ന  ഉപകരണങ്ങളെ കുറിച്ചും  ചിലതു  അവര്‍ കേട്ടു. ബാഥില്‍ വെച്ചു  സഹോദരന്മാര്‍  ഉപജീവനത്തിനു വേണ്ടി പള്ളിയിലും മറ്റും  സംഗീത  ഉപകരണങ്ങള്‍ വായിക്കാന്‍ പോയപ്പൊള്‍  വീട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കിയിരുന്നതു  കരോളിന്‍  ആയിരുന്നു. വില്ല്യം ഒരു സംഗീത അദ്ധ്യാപകനായി , ഒക്ടഗണ്‍ ചാപ്പലിലെ  സംഗീതം നയിച്ചതും വില്ല്യം ആയിരുന്നു. ചില  പൊതുപരിപാടികളും  അയാള്‍ നടത്തി വന്നു. ഇവര്‍ താമസിച്ചിരുന്ന  വീട്  പിന്നീട്  ഹെര്‍ഷല്‍  ജ്യോതി ശാസ്ത്ര അക്കാഡമി  ആയി തീര്‍ന്നു .

 

കരോളിന്‍  നാട്ടുകാരുമായി  അധികം സൌഹ്രുദത്തിനു  പോയിരുന്നില്ല, അതു കൊണ്ടു  അവള്‍ക്കും കുറെശ്ശെ സംഗീതം സഹോദരനില്‍ നിന്നും പഠിക്കാന്‍  കഴിഞ്ഞു. അയലത്തെ  ഒരദ്ധ്യാപകനില്‍ നിന്നും ഇങ്ലീഷും കണക്കും പഠിചു. മെല്ലെ  അവര്‍ ജ്യേഷ്ടന്‍റെ  സംഗീതസംഘത്തിലെ  ഒരംഗമായി മാറി.  തന്‍റെ സ്വന്തമായ  സംഗീതപ്രകടനം കൊണ്ടുതന്നെ അവര്‍ക്കു ഒരിക്കല്‍ ബിര്‍മിങ്ഘാം  ഉത്സവത്തില്‍ ഒരവസരം കിട്ടി. എന്നാല്‍ അവിടെ വെച്ച്  മറ്റു   വിദഗ്ദ്ധരുടെ സംവിധാനത്തില്‍   പാടാന്‍   തയ്യാറാവാഞ്ഞതു കൊണ്ട്   അവരുടെ  സംഗീതസപര്യ   കുറഞ്ഞു വന്നു. വില്യമിന്‍റെ സംഘത്തില്‍ നിന്നു തന്നെ  നീക്കി മറ്റൊരാളെ  നിയമിക്കുകയും ചെയ്തു. വില്യം  ജ്യോതിശാസ്ത്രത്തില്‍ കൂടുതല്‍  സമയം ചിലവാക്കാന്‍ തുടങ്ങിയ   സമയം ആയിരുന്നു ഇത്.

 

വില്യം  അങ്ങനെ സംഗീതജ്ഞനില്‍ നിന്നു ജ്യോതിശാസ്ത്രജ്ഞനാകാന്‍ ശ്രമം  തുടങ്ങിയപ്പോല്‍ കരോളിനും കൂടെ കൂടി. എന്നാല്‍ അവര്‍ക്കു സ്വന്തമായി  ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ തന്നെ ഭാഷയില്‍ നല്ല അനുസരണയുള്ള  ഒരു പട്ടിക്കുട്ടിയെക്കാള്‍ കൂടുതലൊന്നും അവര്‍ക്കു ചെയ്യാനില്ലായിരുന്നു, വില്യം പറഞ്ഞത് അപ്പാടെ  അനുസരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍  ഉണ്ടായിരുന്നില്ല.  ക്രമേണ അവര്‍ക്കും ജ്യോതിശാസ്ത്രത്തില്‍   താല്‍പര്യം ഉണ്ടായി. 1770 ആയപ്പോള്‍  വില്ല്യം  വിലയ്ക്കു വാങ്ങാന്‍ കിട്ടുന്ന  ലെന്സുകള്‍ ഉപയോഗിച്ച ടെലിസ്കോപ്പ്  പോര എന്നു  തോന്നിയതുകൊണ്ട് തനിയെ ഉരച്ചെടുത്ത  ലെന്സുകള്‍  കൊണ്ട്  ടെലിസ്കോപ്പ് ഉണ്ടാക്കിത്തുടങ്ങി. ഈ  സമയത്തു കരോളിന്‍ അയാള്‍ക്കു  ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു. അത്യാവശ്യം ചിലതൊക്കെ  വായിച്ചു കൊടുക്കുകയും ചെയ്തു, തനിക്കു ഒരു സംഗീതജ്ഞയായി  അംഗീകാരം കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും. മെല്ലെ മെല്ലെ  അവരും സഹോദരന്‍റെ കൂടെ ഒരു ജ്യോതിശാസ്ത്രജ്ഞയാകാന്‍ തുടങ്ങുകയായിരുന്നു. 1781ല്‍   വില്യം  മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. മാര്‍ച്ച്  13 നാണു  ഹെര്‍ഷല്‍ യുറാനസ് എന്ന ഗ്രഹം  കണ്ടുപിടിച്ചത്. ഇതു  ഒരു കോമറ്റായി  ആദ്യം തെറ്റിദ്ധരിക്കപ്പെട്ടു എങ്കിലും  വില്യംഉപയോഗിച്ച  ടെലിസ്കോപ്പിന്‍റെ  ശക്തി  തെളിയിക്കപ്പെട്ടു. കരോളിനും  വില്യമും 1782ല്‍ അവരുടെ അവസാനത്തെ  സംഗീത കച്ചേരി നടത്തി. അതു കഴിഞ്ഞ്ജോര്‍ജ്ജ്  മൂന്നാമന്‍റെ കൊട്ടാര ജ്യോതിശാസ്ത്രജ്ഞനായി  നിയമിക്കപ്പെട്ടു. രാത്രി കൂടുതല്‍ സമയവും ടെലിസ്കോപ്പിന്‍റെ പിന്നില്‍ വാന നിരീക്ഷണം നടത്തി വന്ന വില്ല്യം രാവിലെ പ്രഭാത ഭക്ഷണ സമയത്തു  തന്‍ കണ്ട വിവരങ്ങള്‍ കരോളിനുമായി  ചര്‍ച്ച ചെയ്തിരുന്നു. ചിലപ്പോള്‍  ചില കുറിപ്പുകള്‍ എഴുതാനും സഹായിച്ചു. എന്നാല്‍ കൂടുതല്‍ സമയവും  വീട്ടുകാര്യങ്ങളും  ബാക്കി സമയങ്ങളില്‍  ടെലിസ്കോപ്പിനു വേണ്ടി ലെന്സ് ഉരച്ചു ശരിയാക്കുവാനും ടെലിസ്കോപ്പ്  വേണ്ട രീതിയില്‍  സ്ഥാപിക്കാനും ആണു അവള്‍ ചിലവാക്കിയത്. വില്യം  വായിക്കാന്‍ കൊണ്ടുവന്ന ജ്യോതിശാസ്ത്ര കാറ്റലോഗുകള്‍ പകര്‍ത്താനും  എഴുതിവെക്കാനും  അവള്‍  പഠിച്ചു.

 

1782ല്‍ വില്യമും കരോളിനും വിന്സ്റ്റര്‍ കാസിലിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു താമസം മാറ്റി. എന്നാല്‍  അവര്‍ താമസിച്ചിരുന്ന വീടും  ചുറ്റുപാടും അവര്‍ക്കു തീരെ പിടിച്ചില്ല. വളരെ പഴയ മേല്‍കൂര ചോരുന്നതായിരുന്നു.  വീട്ടില്‍   സഹായത്തിനാരുമില്ലാതെ  അവര്‍ ബുദ്ധിമുട്ടി കഴിഞ്ഞു. ഇതേ സമയം വില്യം 3000 നക്ഷത്രങ്ങളുടെ ഒരു കാറ്റലൊഗ് ഉണ്ടാക്കുകയായിരുന്നു. ഈ   ആവശ്യത്തിനായി കരോളിനോട് ആകാശത്തിന്‍റെ   ഒരറ്റം  മുതല്‍  മറുചക്രവാളം വരെ അരിച്ചു പെറൂക്കി  നോക്കാനും മുമ്പു കണ്ടെത്താത്ത എന്തെങ്കിലും ഉണ്ടോ എന്നും ശ്രദ്ധിക്കാനും വില്യം ആവശ്യപ്പെട്ടു. ആദ്യം ഈ ജോലി അവള്‍ക്കു തീരെ ഇഷ്ടപ്പെട്ടില്ല എങ്കിലും  മെല്ലെ മെല്ലെ അവള്‍ക്കു താല്‍പര്യം കൂടി  വന്നു. ജോലിയില്‍  ഉത്സാഹം  വന്നപ്പോള്‍ 1782 ആഗസ്റ്റ് 28 നു  കരോലിന്‍ അവരുടെ ആദ്യത്തെ ജ്യോതിശാസ്ത്ര റെക്കാറ്ഡ്ബുക്ക്   എഴുതിത്തുടങ്ങി.  കോമെറ്റ്സും കത്തുകളും  , നിരീക്ഷണ പുസ്തകം എന്നിങ്ങനെ അവര്‍ എഴുതിയ ബുക്കുകളും  പിന്നീട് എഴുതിയ ചിലവയും  ഇന്നു ലണ്ടനിലെ റോയല്‍ അസ്ട്റോണമികല്‍ സൊസൈറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നു.

 

1783 ഫെബ്റുവരി  26 നു കരോളിന്‍ അവരുടെ ആദ്യത്തെ കണ്ടപിടുത്തം രേഖപ്പെടുത്തി. മെസ്സിയര്‍ 110 (NGC 205) എന്ന പേരില്‍ അറിയപ്പെട്ട നെബുല ആയിരുന്നു ഇത്. ആന്ഡ്റോമീഡാ  ഗാലക്സിയില്‍.  തുടര്‍ന്നു വില്യം തന്നെ നെബുലകളെപ്പറ്റി  അന്വേഷണം തുടങ്ങി. 1783 ലെ വേനല്‍ കാലത്തു വില്യം കരോളിനു വേണ്ടി കോമെറ്റുകളെ കണ്ടെത്താന്‍ വേണ്ടി ഒരു ടെലിസ്കോപ്പുണ്ടാക്കി കൊടുത്തു. ഒക്ടോബറില്‍  വില്യം തന്നെ നെബുലകളെ അന്വേഷിച്ചു തുടങ്ങി. രാത്രിയില്‍  വില്യം കണ്ടെത്തുന്ന വിവരങ്ങള്‍   ക്റുത്യമായി രേഖപ്പെടുത്തുന്ന ജോലി കരോളിന്‍ ചെയ്തു വന്നു. ഇതോടൊപ്പം കരോളിന്‍ അവരുടെതായ  ചില  നിഗമനങ്ങളിലും എത്തിഅവര്‍ ഒരു പുതിയ കാറ്റലൊഗ് തന്നെ ഉണ്ടാക്കി.

 

ജീവിതത്തിന്‍റെ സിംഹഭാഗവും  സഹോദരനു സഹായിയായി  പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ തനിക്കു സ്വതന്ത്രമായി എന്തെങ്കിലും  ചെയ്യണമെന്നു അവര്‍ ആഗ്രഹിച്ചിരുന്നു. അവസാനം അവരെ  വില്യമിന്‍റെ  സഹായി ആയി ഔദ്യൊഗികമായി അംഗീകരിചു കൊട്ടാരത്തില്‍  നിന്നു 1787 ല്‍ അവര്‍ക്കു 50 പൌണ്ട്  വാര്‍ഷിക വേതനമായി അനുവദിച്ചു.  ആദ്യമായി അവര്‍ക്കു കിട്ടിയ സമ്പാദ്യം ആയിരുന്നു അത്.

 

പിന്നീട്  വില്യം ധനികയായ ഒരു വിധവയെ വിവാഹം കഴിച്ചപ്പോള്‍  വില്യമും  അവരും തമ്മില്‍   അകല്‍ച്ചയുണ്ടായി. തന്‍റെ സഹോദരന്‍റെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നത് അവര്‍ക്കു തീരെ ഇഷ്ടപ്പെട്ടില്ല. അവരുടെ വീട്ടമ്മയുടെ സ്ഥാനം നഷ്ടപ്പെട്ടു, തുടര്‍ന്നു  കരോളിന്‍  വേറെ  വീട്ടിലേക്കു താമസം മാറ്റി. ജോലിക്കു വേണ്ടി മാത്രം വില്യമിന്‍റെ  വീട്ടില്‍ എത്തി.  നിരീക്ഷണകേന്ദ്രത്തിന്‍റെ താക്കോല്‍ അവര്‍ക്കു നഷ്ടപ്പെട്ടു. അവര്‍ സ്വന്തമായി ചെയ്ത  പലതും നഷ്ടപ്പെടുകയും ചെയ്തു, 1788 മുതല്‍ 1798 വരെയുള്ള അവരുടെ പ്റയത്ന ഫലങ്ങള്‍ അങ്ങനെ നഷ്ടപ്പെട്ടു. ഏതായാലും സഹോദരന്‍റെ വിവാഹം കരോളിനു കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തു.  ക്രമേണ  അവര്‍ സഹോദരഭാര്യയുമായി സൌഹ്റുദത്തിലായി വില്യമിന്‍റെ മകന്‍ ജോണ്‍ ഹെര്‍ഷലുമായി വളരെ  സ്നേഹത്തിലുമായി.

 

1802ല്‍ കരോളിന്‍റെ കാറ്റലൊഗ് റോയല്‍ സൊസൈറ്റി പ്രസിദ്ധപ്പെടുത്തി, വില്യമിന്‍റെ പേരില്‍. ഇതില്‍ 500  നെബുലകളെപറ്റി  വിവരിച്ചിരുന്നു. പിന്നീട്  കരോളിന്‍  തന്നെ 2500  നെബുലകളുടെ കൂടി  വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട്  ഇവയെല്ലാം   വില്യമിന്‍റെ പുത്രനായ ജോണ്‍  വിശദമായി  പ്റസിദ്ധീകരിച്ചു.

 

സഹോദരന്‍ വില്യം 1833ല്‍ മരിച്ചതിനു ശേഷം സങ്കടപ്പെട്ട   കരോളിന്‍  തിരിചു  ഹാനോവറിലേക്കു പൊയി. അവിടെയും വില്യമിന്‍റെ  പല കണ്ടുപിടുത്തങ്ങളും ശരിയാണൊ എന്നു നോക്കുകയായിരുന്നു അവരെ സഹായിക്കാന്‍ വില്യമിന്‍റെ മകന്‍ ജോണ്‍  ഉണ്ടായിരുന്നു . 1828ല്‍ റോയല്‍ അസ്ട്റോണമിക്കല്‍ സൊസൈറ്റി അവര്‍ക്ക് സ്വറ്ണമെഡല്‍   സമ്മാനിച്ചു. കരോളിനു  ശേഷം  അടുത്തൊരാളിനു  ഈ അവാര്‍ഡ്  കിട്ടുന്നതു  1996ല്‍ മാത്രമായിരുന്നു. 1824 ജനുവരി 31 നു  കരോളിന്‍  തന്‍റെ കാറ്റലോഗിലെ  അവസാനത്തെ അംഗത്തെയും  ചേര്‍ത്തു.  അതു 1832 ലെ വലിയ കോമെറ്റ് ആയിരുന്നു. പ്റായമായപ്പോഴും അവര്‍   സജീവമായി  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു, ആരോഗ്യവും മോശമായിരുന്നില്ല. അവര്‍ അവസാന കാലം തന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍  എഴുതി ചിലവഴിച്ചു. 1848  ജനുവരി  9 നു അവര്‍   ദിവംഗതയായി. അവരുടെ  ഭൌതികശരീരം അടക്കം ചെയ്ത  ഇടത്തില്‍  ഇങ്ങനെ  എഴുതപ്പെട്ടു.  ഇവിടെ  അടക്കം  ചെയ്തിട്ടുള്ളവരുടെ  സുവറ്ണനേത്രങ്ങള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ   ആകാശത്തില്‍ ആയിരുന്നു . ഇവരും സഹോദരനും  കൂടി 2400 ലധികം ജ്യോതിശാസ്ത്രവസ്തുക്കളെ  കണ്ടുപിടിച്ചു.  1888 ല്‍ കണ്ടുപിടിച്ച ആസ്റ്ററോഡ് 281 നു ലുക്റെഷ്യ എന്നു നാമകരണം ചെയ്യപ്പെട്ടു. അതു കരോളിന്‍റെ  രണ്ടാമത്തെ  പേര്‍  ആയിരുന്നു.അതുപോലെ ചന്ദ്രനിലെ സി ഹെര്‍ഷല്‍  എന്ന ഗര്‍ത്തവും   കരോളിന്‍റെ  പേരു അനശ്വരമാക്കി.  

 

https://en.wikipedia.org/wiki/Caroline_Herschel

https://www.famousscientists.org/caroline-herschel/

 


Comments

Popular posts from this blog

4. മേരി ആനിങ് : ഫോസില്‍ ശാസ്ത്രജ്ഞ

2.എലിസബേത് ഗാരറ്റ് ആൻഡേർശൻ -ബ്രിട്ടനിലെ ആദ്യ ലേഡീ ഡോക്ടര്‍

6.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍